വെസ്റ്റേൺ സിഡ്നിയിൽ കാറിടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അമ്മയുടെ കൺമുന്നിൽ ദുരന്തം

സിഡ്നി: വെസ്റ്റേൺ സിഡ്നിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. റോഡരികിലൂടെ തള്ളുവണ്ടിയിൽ (പ്രാം) കുട്ടികളുമായി പോവുകയായിരുന്ന അമ്മയുടെ കൺമുന്നിൽ വെച്ചാണ് നിയന്ത്രണം വിട്ട വാഹനം കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്.

അപകടം നടന്നയുടൻ പ്രദേശവാസികളും എമർജൻസി സർവീസ് വിഭാഗവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകി കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവർ പ്രാഥമിക ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം കണ്ടെത്താനായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസ സമൂഹത്തെയും പ്രദേശവാസികളെയും ഒന്നടങ്കം നടുക്കിയ ദുരന്തത്തിൽ വ്യാപകമായ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *