സിഡ്നി: നോർത്തേൺ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് 42-കാരിയായ സ്റ്റെഫാനി കോർഡറിയെ കാണാതായി മൂന്നാഴ്ചയിലേറെ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിനെത്തുടർന്ന് വനമേഖലയിൽ തിരച്ചിൽ തുടർന്ന് കുടുംബം. ഓഗസ്റ്റ് 5-ന് പുലർച്ചെ അഞ്ചുമണിയോടെ ബല്ലിനയിലെ വീട്ടിൽ നിന്നാണ് സ്റ്റെഫാനിയെ കാണാതായത്. ലിസ്മോർ വഴി നിംബിൻ ഭാഗത്തേക്ക് ഇവർ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട് ഇവരുടെ കാർ മൗണ്ട് നാർഡിക്ക് സമീപം കണ്ടെത്തുകയായിരുന്നു.
പോലീസ്, റെസ്ക്യൂ ഡോഗുകൾ, എസ്.ഇ.എസ്, ആർ.എഫ്.എസ്, ഡ്രോണുകൾ, വിദഗ്ദ്ധ ട്രാക്കർമാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും സ്റ്റെഫാനിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. ഇവർക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കൃത്യസമയത്ത് മരുന്നുകൾ ആവശ്യമുണ്ട്.
മേഖലാപരമായ (റീജിയണൽ) കമ്മ്യൂണിറ്റികൾക്ക് ആവശ്യത്തിന് അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങളും വിഭവങ്ങളും ലഭിക്കുന്നുണ്ടോ എന്ന ചോദ്യം കുടുംബം ഉയർത്തുന്നുണ്ട്. നിസ്സഹായാവസ്ഥയിലാകുന്ന കുടുംബങ്ങൾ തനിച്ചാകാതിരിക്കാൻ ന്യൂ സൗത്ത് വെയിൽസിൽ സംസ്ഥാനതലത്തിൽ കാണാതാകുന്നവർക്കായി പ്രത്യേക സെർച്ച് അതോറിറ്റി രൂപീകരിക്കേണ്ടതുണ്ടോ എന്ന ചർച്ചകളും ഉയരുന്നുണ്ട്. സ്റ്റെഫാനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

