സിഡ്നി: ബല്ലിന ബൈറൺ ഗേറ്റ്‌വേ വിമാനത്താവളത്തിലെ സുരക്ഷാമേഖലയിൽ അതിക്രമിച്ചുകയറുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത 38-കാരനെതിരെ ആറ് വകുപ്പുകൾ ചുമത്തി കേസെടുത്തു. തിങ്കളാഴ്ച രാവിലെയായിരുന്നു വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതിയുടെ പക്കൽനിന്ന് ഒരു കത്തിയും ഈർച്ചവാളും പോലീസ് കണ്ടെത്തുകയും ഇവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളോട് വിമാനത്താവള പരിസരത്തുനിന്ന് പോകാൻ നിർദേശം നൽകി. എന്നാൽ, അവിടെനിന്ന് പോയ ഇയാൾ നിമിഷങ്ങൾക്കകം തിരികെയെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സീനിയർ കോൺസ്റ്റബിളിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നൽകി.
പോലീസുകാരനെ ആക്രമിച്ച് ശാരീരിക പരിക്കേൽപ്പിക്കൽ, കസ്റ്റഡി തടയാൻ മാരകായുധം ഉപയോഗിക്കൽ ഉൾപ്പെടെ ആറ് ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ജാമ്യാപേക്ഷ പൂർണ്ണമായി തള്ളി. ഓസ്‌ട്രേലിയയിലെ ഏറ്റവും സുരക്ഷിതമായ പൊതുസ്ഥലങ്ങളിലൊന്നായ വിമാനത്താവളത്തിൽ, മാരകായുധങ്ങൾ കണ്ടെത്തിയിട്ടും സംഭവം ഇത്രയധികം വഷളാകാൻ എങ്ങനെ ഇടയായി എന്നതിനെക്കുറിച്ചും, വിമാനത്താവളത്തിൽ ആയുധവുമായി എത്തി പോലീസിനെ ആക്രമിക്കുന്നവർക്ക് പരോളില്ലാത്ത നിർബന്ധിത തടവുശിക്ഷ നൽകേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.

