കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മീറ്റിലെ പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് മികച്ച നേട്ടം. വിവിധ ഭാരോദ്വഹന വിഭാഗങ്ങളിലായി നാല് സ്വർണ്ണ മെഡലുകളാണ് ജില്ല സ്വന്തമാക്കിയത്.
80 കിലോ വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ. സനീഷ്, 70 കിലോ വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ സിവിൽ പോലീസ് ഓഫീസർ വിഷ്ണു മോഹനൻ, 75 കിലോ വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ സിവിൽ പോലീസ് ഓഫീസർ നിതിൻ ആന്റണി, 60 കിലോ വിഭാഗത്തിൽ കോടനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്. വൈശാഖ് എന്നിവരാണ് എറണാകുളം റൂറലിനായി സുവർണ്ണ നേട്ടം കൈവരിച്ചത്.
മെഡൽ ജേതാക്കളെല്ലാം ദേശീയ-അന്തർദേശീയ തലങ്ങളിൽ മുൻപും മികവ് തെളിയിച്ച കായികതാരങ്ങളാണ്. എ.എൻ. സനീഷ് ദേശീയ മീറ്റിൽ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും നേടിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ ജേതാവായ വിഷ്ണു മോഹനൻ ദേശീയ തലത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. നിതിൻ ആന്റണി ദേശീയ തലത്തിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടി. ലോക മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ ജേതാവായ കെ.എസ്. വൈശാഖ് ദേശീയ തലത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച വിജയം കരസ്ഥമാക്കിയ മെഡൽ ജേതാക്കളെ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.

