വാഷിങ്ടൺ: ഇറാന്റെ ആണവായുധ പദ്ധതിക്ക് തടയിടാൻ തന്റെ ഭരണകൂടം നടത്തിയ നിർണായക ഇടപെടലാണ് ഇസ്രയേലിന്റെയും പശ്ചിമേഷ്യയുടെയും നിലനിൽപ്പിന് കാരണമെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് തടഞ്ഞില്ലായിരുന്നെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നാണ് ട്രംപിന്റെ വാദം.
വെള്ളിയാഴ്ച സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ആണവായുധം നേടുന്നതിൽനിന്ന് തടഞ്ഞതിന്റെ പ്രാധാന്യം പലരും തുറന്നുപറയാൻ തയാറാകുന്നില്ലെങ്കിലും എല്ലാവർക്കും യാഥാർഥ്യം അറിയാമെന്നും അദ്ദേഹം കുറിച്ചു.
ഇറാന്റെ ആണവശേഷി തകർക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രയേലും 2025ലും 2026ലും ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ സൈനികനടപടികളെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ അവകാശവാദം.
എന്നാൽ ഇറാന്റെ ആണവപദ്ധതി പൂർണമായും തകർക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്രമണങ്ങൾ ഇറാന്റെ ആണവായുധം നിർമിക്കാനുള്ള ശേഷിയെ എത്രത്തോളം ബാധിച്ചുവെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ ഒക്ടോബറിലെ വിലയിരുത്തൽ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) കണക്കുകൾ പ്രകാരം, 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 200 കിലോഗ്രാമിലധികം യുറേനിയം ഇറാന്റെ കൈവശം ഇപ്പോഴും ഉണ്ടായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ആണവായുധ നിർമാണത്തിന് ആവശ്യമായ ഏകദേശം 90 ശതമാനം സമ്പുഷ്ടീകരണ നിലവാരത്തിലേക്ക് ഇത് ഉയർത്താൻ കഴിയുമെന്നതാണ് ആശങ്ക. ആക്രമണങ്ങൾക്കുശേഷം ഇറാന്റെ ആണവശേഖരത്തിന്റെയും സെൻട്രിഫ്യൂജുകളുടെയും കൃത്യമായ സ്ഥാനം പരിശോധിക്കാൻ ഏജൻസിക്ക് സാധിച്ചിട്ടില്ല.
അതേസമയം, ആണവായുധം നിർമിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന ആരോപണം ടെഹ്റാൻ നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് രാജ്യത്തിന്റെ നിലപാട്. 2026ലെ യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലിലും 2003ൽ ഇറാൻ ആണവായുധ പദ്ധതി നിർത്തിയതായും പിന്നീട് അത് പുനരാരംഭിച്ചതിന് വ്യക്തമായ തെളിവില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇറാനെതിരായ പുതിയ സൈനികനടപടികൾ സംബന്ധിച്ച ചർച്ചകളും വാഷിങ്ടണിൽ പുരോഗമിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതായും കൂടുതൽ ആക്രമണങ്ങൾ നടത്തണമോയെന്ന് ഉടൻ തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്കും ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്.
ഇറാന്റെ ആണവശേഷി പൂർണമായി ഇല്ലാതാക്കിയെന്ന ട്രംപിന്റെ അവകാശവാദത്തിന് സ്വതന്ത്രമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്

