സിഡ്നി: വെസ്റ്റ് സിഡ്നിയിൽ വീടിന് നേരെ നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം ആളുമാറി നടത്തിയ ആക്രമണമാണെന്ന നിഗമനത്തിൽ ന്യൂ സൗത്ത് വെയിൽസ് പോലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടു ദിവസത്തിനിടെ സിഡ്നിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മാരകമായ വെടിവെയ്പ്പാണിത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.15-ഓടെ മെറിലാൻഡ്സ് വെസ്റ്റിലെ ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുപ്പതുകളിലുള്ള യുവാവിന് വെടിയേറ്റ വിവരമറിഞ്ഞ് പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം നടന്ന വീട് അധോലോക ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള കേന്ദ്രമാണെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, കൊല്ലപ്പെട്ട വ്യക്തിക്ക് ഇത്തരം സംഘങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ എന്തിനാണ് ഈ വീട്ടിലെത്തിയതെന്നോ വീട്ടിലുള്ളവരുമായുള്ള ബന്ധമെന്താണെന്നോ വ്യക്തമല്ലെന്ന് വാർത്താസമ്മേളനത്തിൽ സൂപ്രണ്ട് സൈമൺ ഗ്ലാസ്സർ അറിയിച്ചു. കൊല്ലപ്പെട്ടയാൾക്ക് മുൻ ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ലെന്നും ക്രിമിനൽ സംഘം ലക്ഷ്യമിട്ടയാളെന്ന് കരുതി മറ്റൊരാളെ വെടിവെച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച പുലർച്ചെ 3.40-ന് തെക്കുപടിഞ്ഞാറൻ സിഡ്നിയിലെ കാംബെൽടൗണിന് സമീപമുള്ള ഗ്ലെൻ ആൽപൈനിലെ ഇരുനില വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം 23-കാരനായ മാർക്കോ താപിയയെ വെടിവച്ചു കൊന്നിരുന്നു. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കവെയായിരുന്നു കട്ടിലിൽ കിടക്കുകയായിരുന്ന താപിയയെ കൊലപ്പെടുത്തിയത്. ഈ കൊലപാതകവും ആളുമാറി സംഭവിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. ട്രാഫിക് നിയമലംഘനമല്ലാതെ യാതൊരുവിധ ക്രിമിനൽ റെക്കോർഡുകളും ഇല്ലാത്തയാളായിരുന്നു താപിയ. താപിയയുടെ മരണത്തിൽ അദ്ദേഹം പരിശീലിച്ചിരുന്ന മാർഷ്യൽ ആർട്സ് ജിം പൊതുശ്രദ്ധാഞ്ജലി അർപ്പിച്ചു.
കുപ്രസിദ്ധ ക്രൈം ഗ്രൂപ്പായ അലമെദ്ദീൻ ശൃംഖലയും ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്ന ‘കോക്കനട്ട് കാർട്ടൽ’ എന്ന പുതിയ സംഘവും തമ്മിൽ നിലനിൽക്കുന്ന കുടിപ്പകയാണ് സമീപ മാസങ്ങളിലായി സിഡ്നിയിൽ വ്യാപക വെടിവെയ്പ്പുകളിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

