പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ റോഡുകളിൽ നിർമ്മിത ബുദ്ധി (AI) ക്യാമറകൾ വഴി യാത്രക്കാരുടെ സീറ്റ് ബെൽറ്റ് പിഴവുകൾക്ക് ഡ്രൈവർമാർക്ക് ചുമത്തിയ നൂറുകണക്കിന് പിഴകൾ പോലീസ് പിൻവലിക്കുന്നു. യാത്രക്കാർ യാത്രയ്ക്കിടയിൽ സീറ്റ് ബെൽറ്റിന്റെ സ്ഥാനം മാറ്റിയതോ ശരിയായ രീതിയിലല്ല ധരിച്ചതെന്നതോ ഡ്രൈവർ അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമായ കേസുകളിലാണ് പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കാൻ പോലീസ് തീരുമാനിച്ചത്. കോടതിയെ സമീപിച്ച നിരവധി ഡ്രൈവർമാർക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.
കുറ്റം പൂർണ്ണമായി തെളിയിക്കാൻ പര്യാപ്തമായ സാധ്യതകളില്ലാത്ത നൂറുകണക്കിന് കേസുകളാണ് പ്രോസിക്യൂഷൻ ഘട്ടത്തിൽ ഒഴിവാക്കുന്നതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയൻ പോലീസ് കമ്മീഷണർ കോൾ ബ്ലാഞ്ച് എബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പിഴകൾക്കെതിരെ അപ്പീൽ നൽകിയവരിൽ ഏകദേശം അഞ്ച് ശതമാനം കേസുകൾ മാത്രമാണ് പോലീസിന്റെ പരിഗണനയിലേക്ക് എത്തുന്നതെന്നും, അതിൽ വളരെ ചെറിയ ശതമാനം മാത്രമേ വിചാരണയിലേക്ക് നീങ്ങുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഒക്ടോബർ 8 മുതലാണ് നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധനയും പിഴ ഈടാക്കലും വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാർ കർശനമാക്കിയത്. ട്രാൻസ്പോർട്ട് വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതിനകം ആയിരക്കണക്കിന് പിഴകളാണ് പിൻവലിച്ചിട്ടുള്ളത്.
വാഹനത്തിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് കൃത്യമായി ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം നിയമപ്രകാരം ഡ്രൈവർക്കാണ്. ഉദാഹരണത്തിന്, പത്തു വയസ്സുകാരിയായ മകൾ സീറ്റ് ബെൽറ്റ് കൈകൾക്കടിയിലൂടെ ധരിച്ചതിന്റെ പേരിൽ കുവൈനാന ഫ്രീവേയിൽ വെച്ച് പിഴ ചുമത്തപ്പെട്ട ഒരു ഡ്രൈവർ എട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി നേടിയത്. ഈ കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് പോലീസ് പ്രോസിക്യൂട്ടർ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് തുടരാൻ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ച് സമാന സാഹചര്യങ്ങൾ നേരിട്ട നിരവധി ഡ്രൈവർമാർക്ക് പോലീസ് ഔദ്യോഗികമായി കത്തുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്.
പോലീസ് പ്രോസിക്യൂഷൻ നടപടികളിൽ പ്രായോഗിക ഇളവുകൾ നൽകുന്നുണ്ടെങ്കിലും സംസ്ഥാനത്തെ റോഡ് സുരക്ഷാ നിയമങ്ങളിലോ പിഴത്തുകയിലോ സർക്കാർ ഔദ്യോഗിക മാറ്റങ്ങൾ വരുത്തിയിട്ടില്ല. യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ തെറ്റായ രീതിയിൽ ധരിക്കുകയോ ചെയ്താൽ ഡ്രൈവർക്ക് 550 ഡോളർ പിഴയും 4 ഡീമെറിറ്റ് പോയിന്റുകളുമാണ് നിലവിലെ ശിക്ഷ. അവധിദിനങ്ങളിലെ ഡബിൾ ഡീമെറിറ്റ് കാലയളവുകളിൽ ശിക്ഷാ നടപടികൾ ഇരട്ടിയാകും. അതേസമയം, സീറ്റ് ബെൽറ്റ് നിയമങ്ങളിലും എഐ ക്യാമറ പരിശോധനകളിലും ഭാവിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന കാര്യം സർക്കാരും പോലീസും വിശദമായി പരിശോധിച്ചുവരികയാണ്.

