ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ വൻ വിവാദമുയർത്തിയ ബ്രിസ്ബേൻ ഡീപ്ഫേക്ക് കേസിൽ പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചു. സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും സാധാരണ ചിത്രങ്ങൾ ശേഖരിച്ച് ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ വ്യാജ നഗ്നചിത്രങ്ങളാക്കി മാറ്റി പ്രചരിപ്പിച്ച കേസിലാണ് ബ്രിസ്ബേൻ ഡിസ്ട്രിക്റ്റ് കോടതിയുടെ സുപ്രധാന വിധി. 56-കാരനായ അന്റോണിയോ റൊട്ടോണ്ടോയെയാണ് ജഡ്ജി ജോൺ അലൻ ശിക്ഷിച്ചത്. പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്റെ സൂചനയായാണ് ഈ വിധിയെ നിയമവിദഗ്ധർ വിലയിരുത്തുന്നത്.
2023-ൽ സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ച ശേഷം അവ എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പ്രതി പ്രചരിപ്പിച്ചത്. ഒരു സ്കൂളിന്റെ അഡ്മിനിസ്ട്രേഷൻ ഇമെയിലിലേക്കും ഫാഷൻ വീക്കുമായി ബന്ധപ്പെട്ടവർക്കുമാണ് പ്രതി ഇത്തരം വികലമായ ചിത്രങ്ങൾ അയച്ചുകൊടുത്തത്. സ്റ്റോക്കിംഗ്, സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെ 17 കുറ്റങ്ങളാണ് റൊട്ടോണ്ടോയ്ക്കെതിരെ തെളിയിക്കപ്പെട്ടത്. കേസിൽ പരോൾ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് ചില കേസുകൾ കൂടി നിലനിൽക്കുന്നതിനാൽ പ്രതി ജയിലിൽ തന്നെ തുടരും.
പ്രതിയുടെ ക്രൂരമായ പ്രവൃത്തി തങ്ങളെ വലിയ മാനസികാഘാതത്തിലേക്കാണ് തള്ളിവിട്ടതെന്ന് കുറ്റകൃത്യത്തിന് ഇരയായ ഏഴ് പേർ കോടതിയെ രേഖാമൂലം അറിയിച്ചു. സാങ്കേതികവിദ്യയെയല്ല, മറിച്ച് അത് ദുരുപയോഗം ചെയ്യുന്ന ക്രിമിനൽ മനോഭാവമുള്ള മനുഷ്യരെയാണ് ശിക്ഷിക്കേണ്ടതെന്ന് ഇരകളിൽ ഒരാൾ വ്യക്തമാക്കി. പതിമൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയുടെ വ്യാജചിത്രവും പ്രതി നിർമ്മിച്ചിരുന്നുവെങ്കിലും കുട്ടി ഈ ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്ന് കുട്ടിയുടെ മാതാവ് കോടതിയിൽ ബോധിപ്പിച്ചു. പ്രോസിക്യൂട്ടർ ബെൻ ജാക്സൺ പ്രതിക്കെതിരെ അതിശക്തമായ വാദങ്ങളാണ് കോടതിയിൽ നിരത്തിയത്

