പ്രതിപക്ഷ ഉപനേതൃപദവി: പിണറായിയുമായി ചർച്ചയ്ക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള എൽഡിഎഫിലെ തർക്കം തുടരുന്നതിനിടെ, വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചർച്ച നടത്തേണ്ടതില്ലെന്ന നിലപാടുമായി സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.

പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെട്ട് സിപിഐ നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയോ എൽഡിഎഫ് കൺവീനറോ ആയിരിക്കണം മറുപടി നൽകേണ്ടതെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കാനാണ് ധാരണ.

ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് തുടർചർച്ചകൾ ഉണ്ടാകുമെന്ന വിവരം സിപിഎം കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചതിന് പിന്നാലെയാണ് ചർച്ചകളിൽ പിണറായി വിജയൻ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സിപിഐ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, വിഷയത്തിൽ സിപിഐക്കുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. തർക്കം കൂടുതൽ വഷളാക്കുന്നത് രാഷ്ട്രീയമായി ഗുണകരമല്ലെന്നും സിപിഎമ്മുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ പാർട്ടി നേതൃയോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *