ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റി; നിയമസഭയിൽ പ്രഖ്യാപനവുമായി വിജയ്

ചെന്നൈ: ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള തമിഴ്നാട് ഒളിമ്പിക് സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.

ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളിൽ തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾക്ക് കൂടുതൽ മെഡലുകൾ നേടുന്നതിനാവശ്യമായ പരിശീലനവും സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകോത്തര നിലവാരത്തിലുള്ള കായിക സ്റ്റേഡിയങ്ങൾ, ആധുനിക പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിങ് സെന്റർ എന്നിവ ഒളിമ്പിക് സിറ്റിയിൽ ഒരുക്കും.

സ്‌പോർട്‌സ് സയൻസ്, സ്‌പോർട്‌സ് മെഡിസിൻ കേന്ദ്രങ്ങൾക്കൊപ്പം കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള താമസസൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായിരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനും മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാനും കേന്ദ്രം സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

അതേസമയം, ചെന്നൈയിൽ പ്രത്യേക മോട്ടോർ സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കുമെന്നും വിജയ് അറിയിച്ചു. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള അന്താരാഷ്ട്ര റേസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്. മോട്ടോർ സ്‌പോർട്‌സിലെ യുവപ്രതിഭകളെ കണ്ടെത്തി പരിശീലനവും മത്സരാവസരങ്ങളും നൽകുന്നതിലൂടെ ദേശീയ, അന്തർദേശീയ തലത്തിലുള്ള താരങ്ങളെ വളർത്തുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.

പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നിയമസഭയിൽ റൂൾ 110 പ്രകാരമാണ് മുഖ്യമന്ത്രി നടത്തിയത്. അതേസമയം, ഒളിമ്പിക് സിറ്റിയുടെയും മോട്ടോർ സ്‌പോർട്‌സ് സിറ്റിയുടെയും നിർമാണം പൂർത്തിയാക്കുന്ന സമയക്രമമോ കൃത്യമായ സ്ഥലമോ സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *