തിരുവനന്തപുരം: ജില്ലയിലെ വിവിധ അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആമച്ചൽ, കള്ളിക്കാട്, കുറ്റിച്ചൽ, വെങ്ങാനൂർ എന്നീ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിലാണ് കമ്മീഷൻ സംഘം നേരിട്ടെത്തി ഗുണനിലവാരവും പ്രവർത്തന രീതികളും വിലയിരുത്തിയത്.
പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ ബന്ധപ്പെട്ട യൂണിറ്റുകൾക്ക് കർശന നിർദേശം നൽകി. കുട്ടികൾക്കും ഗർഭിണികൾക്കും നൽകുന്ന പോഷകാഹാരത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിലുള്ള ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് സബിത ബീഗം വ്യക്തമാക്കി.
കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി.പി. ജിഷ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. സജീവ് കുമാർ, എസ്. ഷിനു, കമ്മീഷൻ സി.എ. കെ.എ. നസറിൻ എന്നീ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

