മോഷ്ടിച്ച ബൈക്കിൽ കടക്കവെ അപകടം: രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കൈചൂണ്ടിമുക്കിൽ പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ യുവാവിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശിയായ പ്രമോദ് എന്നയാളുടെ വീടിന് മുന്നിൽ നിന്ന് പൂട്ടുപൊളിച്ച് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മണ്ണഞ്ചേരിയിൽ നിന്ന് രണ്ട് ബൈക്കുകളിലായി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെന്നിമറിയുകയായിരുന്നു. വാഹനം റോഡിലൂടെ ദൂരേക്ക് തെന്നിനീങ്ങി തീപ്പൊരി ചിതറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പുലർച്ചെ നാല് മണിയോടെ ആലപ്പുഴ നോർത്ത് പോലീസ് ബൈക്കിന്റെ ആർസി ഉടമയായ പ്രമോദിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വാഹനം മോഷണം പോയ വിവരം വീട്ടുകാർ പോലും അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *