രാജ്യമെങ്ങും ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം; പ്രമുഖ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്, ആശംസകൾ നേർന്ന് പ്രമുഖർ

ന്യൂഡൽഹി: രാജ്യം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്തർപ്രദേശിലെ മഥുരയിലും വൃന്ദാവനത്തിലും വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

ജന്മാഷ്ടമി ദിനത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതവും ഉപദേശങ്ങളും ഭാരതത്തിന്റെ സാംസ്കാരിക ദർശനങ്ങൾക്ക് പുതുജീവൻ പകരുന്നതാണെന്ന് രാഷ്ട്രപതി സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നിസ്വാർത്ഥ സേവനത്തിനും പ്രവർത്തനങ്ങൾക്കും ഭഗവാന്റെ സന്ദേശങ്ങൾ ഏവർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിലും വലിയ ഭക്തജനത്തിരക്കാണ് ദൃശ്യമാകുന്നത്. തലസ്ഥാനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടു. ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ചടങ്ങുകളും ക്ഷേത്രങ്ങളിൽ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *