തൊടുപുഴയിൽ അഖിലകേരള വടംവലി മത്സരം ആവേശമായി; പ്രതിഭ പ്രളയക്കാട് ജേതാക്കൾ

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ് 2026-ന്റെ ഭാഗമായി മങ്ങാട്ടുകവല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം കാണികൾക്ക് ആവേശമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളാണ് വാശിയേറിയ മത്സരത്തിൽ മാറ്റുരച്ചത്.

പുളിമൂട്ടിൽ സിൽക്സ് എവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനുമായി നടന്ന 460 കിലോഗ്രാം വിഭാഗം മത്സരത്തിൽ പ്രതിഭ പ്രളയക്കാട് കിരീടം സ്വന്തമാക്കി. വൈ.കെ. കോക്കൂർ മലപ്പുറം രണ്ടും, ആർ.കെ.ബി. ഹൈ ഫ്രണ്ട്സ് കൈപ്പമംഗലം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സെഞ്ചുറി എടത്തല നാലാം സ്ഥാനം നേടി.

മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക് നിർവഹിച്ചു. ചടങ്ങിൽ മൂവാറ്റുപുഴ ആർ.ഡി.ഒ. അബ്ബാസ്, മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, എ.എം. ഹാരിദ്, ഡിവൈ.എസ്.പി. സജി മാർക്കോസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി, ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ജനറൽ കൺവീനർമാരായ പ്രജീഷ്, രവി, പ്രശാന്ത്, കുട്ടപ്പൻ, ഇ.എ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള മത്സരം കാണാൻ പ്രദേശവാസികളും കായികപ്രേമികളുമടക്കം വൻ ജനാവലിയാണ് മങ്ങാട്ടുകവലയിൽ തടിച്ചുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *