നേപ്പാൾ പ്രളയം: 600 കുട്ടികളെ കാണാതായി; 4,700ലേറെ പേരെക്കുറിച്ച് വിവരമില്ല

കാഠ്മണ്ഡു: നേപ്പാളിൽ ഓഗസ്റ്റ് 26ന് ഉണ്ടായ അതിശക്തമായ പ്രളയത്തെ തുടർന്ന് റസുവ, നുവാകോട്ട് ജില്ലകളിൽ ഏകദേശം 600 കുട്ടികളെ കാണാതായതായി പ്രാദേശിക വിദ്യാഭ്യാസ അധികൃതരുടെ കണക്കുകൾ. റസുവയിൽ ഏകദേശം 280 കുട്ടികളും നുവാകോട്ടിൽ 300 മുതൽ 350 വരെ കുട്ടികളുമാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ കണക്കുകൾ പൂർണമായി സ്ഥിരീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മഞ്ഞും പാറയും ഉൾപ്പെട്ട ഹിമപാതത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലാണ് വടക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങളിൽ വൻ നാശം വിതച്ചത്. പ്രളയത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റസുവയിലും നുവാകോട്ടിലും 12 സ്കൂളുകൾ പൂർണമായും തകർന്നതായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രളയത്തിൽ 22 സ്കൂളുകളെ ബാധിച്ചതായും 7,000ത്തിലധികം വിദ്യാർഥികളെ നേരിട്ട് ബാധിച്ചതായും പ്രാദേശിക അധികൃതർ അറിയിച്ചു. റസുവയിൽ 16 അധ്യാപകരും ജീവനക്കാരും നുവാകോട്ടിൽ ആറ് അധ്യാപകരും ഉൾപ്പെടെ 22 സ്കൂൾ ജീവനക്കാരെയും കാണാതായതായി വിദ്യാഭ്യാസ അധികൃതർ പറയുന്നു.

അതേസമയം, പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,282 ആയി ഉയർന്നതായും 4,700ലേറെ പേരെ ഇപ്പോഴും കാണാതായതായും റിപ്പോർട്ടുകളുണ്ട്. വിവിധ ജില്ലകളിൽ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

നേപ്പാൾ സൈന്യവുമായി സഹകരിച്ച് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘങ്ങളും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *