ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ജൂലൈ 20ന് ഡൽഹിയിൽ ഒമർ അബ്ദുള്ള നടത്തിയ പ്രതിഷേധത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനു പുറമെ ‘ട്രാൻസാക്ഷൻ ഓഫ് ബിസിനസ് റൂൾസ്’ അന്തിമമാക്കൽ, സംവരണ നയങ്ങളിലെ യുക്തിസഹമായ മാറ്റങ്ങൾ, ജമ്മു കശ്മീരിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. നിലവിലെ കേന്ദ്രഭരണ പ്രദേശ സംവിധാനത്തിൽ ലെഫ്റ്റനന്റ് ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള അധികാരപരിധി കൂടുതൽ വ്യക്തമായി നിർവചിക്കേണ്ടതുണ്ടെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.
അടുത്ത ആഴ്ച ശ്രീനഗറിൽ ആരംഭിക്കുന്ന ജമ്മു കശ്മീരിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ചും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. അടുത്തിടെ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കേന്ദ്രം നൽകിയ സഹായത്തിന് ഒമർ അബ്ദുള്ള അമിത് ഷായോട് നന്ദി അറിയിച്ചു.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

