മെൽബൺ: വിക്ടോറിയയിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ നാഷണൽ ഗാലറി ഓഫ് വിക്ടോറിയയുടെ ഔദ്യോഗിക അക്കൗണ്ട് വഴി 8 മില്യൺ ഡോളർ (ഏകദേശം 80 ലക്ഷം ഡോളർ) വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ മുൻ ഉന്നത ഉദ്യോഗസ്ഥനെതിരെ സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മീഷൻ കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിന്റെ പേരിൽ വാങ്ങിയ മൊബൈൽ ഫോണുകൾ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി മറിച്ചുവിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
ഏഴ് മോഷണക്കുറ്റങ്ങളും,പൊതുപദവി ദുരുപയോഗം ചെയ്തതിനുള്ള ഒരു കുറ്റവുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 മുതൽ 2025 സെപ്റ്റംബർ വരെയുള്ള ആറ് വർഷത്തോളമാണ് ഈ ക്രമക്കേടുകൾ നടന്നത്. ഐബാക്കിന്റെ ‘ഓപ്പറേഷൻ സോണ്ടർ’ എന്ന പ്രത്യേക അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇയാളെ നേരത്തെ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
പ്രതിയെ ഒക്ടോബർ 20-ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ നിലവിൽ പരസ്യപ്പെടുത്തിയിട്ടില്ല. സംഭവം പുറത്തുവന്നതിനെത്തുടർന്ന് ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി സ്ഥാപനത്തിൽ കർശനമായ പുതിയ നിയന്ത്രണങ്ങളും പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി നാഷണൽ ഗാലറി ഓഫ് വിക്ടോറിയ അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിൽ വർഷങ്ങളോളം ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും അറിയാതെ പോയത് വലിയ ഭരണപരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

