സിഡ്നി: പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്സവകാല ഷോപ്പിംഗിനും വിനോദത്തിനുമായി ഒരുക്കുന്ന ‘ഗാദർ & ഗ്ലോ’ ഫെസ്റ്റീവ് പോപ്പ്-അപ്പ് മാർക്കറ്റ് ഒക്ടോബർ 11 ഞായറാഴ്ച സിഡ്നിയിൽ നടക്കും. പ്രാദേശിക ചെറുകിട സംരംഭകർക്ക് പിന്തുണയേകാനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുമുള്ള സുവർണ്ണാവസരമായാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ക്ലബ്ബ് പരമറ്റയിലെ ഒന്നാം നിലയിൽ (Club Parramatta, Level 1) രാവിലെ 11:00 മുതൽ വൈകുന്നേരം 7:00 വരെയാണ് പ്രദർശനവും വിപണനവും ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടാതെ സന്ദർശകർക്കായി സൗജന്യ പാർക്കിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
തദ്ദേശീയ സംരംഭകരുടെ കരകൗശല ഉൽപ്പന്നങ്ങൾ, ഉത്സവകാല അലങ്കാരങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ഹോം ഡെക്കോർ, രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ സ്റ്റാളുകൾ മേളയിലുണ്ടാകും. തത്സമയ സംഗീതപരിപാടികളും സാംസ്കാരിക ആഘോഷങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.
മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://www.aircity.com.au/sydney/events/local-events/gather-and-glow-sydneys-festive-pop-up-market എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഉത്സവകാല ഷോപ്പിംഗ് ആസ്വദിക്കാനും മുഴുവൻ പ്രവാസികളെയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

