ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാർട്ടികൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധം ഇന്ന് മുതൽ. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ട് വരെയാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. സിപിഎം, സിപിഐ, സിപിഐ(എംഎൽ)-ലിബറേഷൻ, ആർഎസ്പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ അഞ്ച് ഇടതുപക്ഷ പാർട്ടികളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നിർത്തിവയ്ക്കുക, പട്ടികയിൽനിന്ന് അനർഹമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കുക എന്നിവയും ഇടതുപക്ഷത്തിന്റെ ആവശ്യങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനരീതിയിൽ മാറ്റം വരുത്തണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചില തീരുമാനങ്ങളിൽ എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. വോട്ടർ രജിസ്ട്രേഷൻ, പേരുകൾ നീക്കംചെയ്യൽ, പുനഃസ്ഥാപിക്കൽ, SIR നടപടികൾ തുടങ്ങിയ വിഷയങ്ങളിലാണ് എതിർപ്പുകൾ ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കമ്മിഷന്റെ ആഭ്യന്തര നടപടിക്രമങ്ങളിൽ അഭിപ്രായങ്ങളും സാങ്കേതിക നിർദേശങ്ങളും രേഖപ്പെടുത്തുന്നത് സാധാരണമായ പരിശോധനാ സംവിധാനത്തിന്റെ ഭാഗമാണെന്നും എല്ലാ തീരുമാനങ്ങൾക്കും നിയമപരമായ സാധുതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടത്തിയിട്ടുണ്ട്.

