തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ പേരിൽ നടന്നുവെന്ന് ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തി വലുതാണെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി നേരത്തെ സംസ്ഥാന ജിഎസ്ടി എസ്ഐടി കണ്ടെത്തിയിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനിലേക്ക് നടത്തിയ വിദേശ പണമിടപാടുകളിൽ 22.68 കോടി രൂപയുടെ ഐജിഎസ്ടി അടച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൂടാതെ വിദേശ നിയമോപദേശകർക്ക് നടത്തിയ ഇടപാടുകളിലും നികുതി അടച്ചില്ലെന്നു കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ആറ് ബാങ്ക് അക്കൗണ്ടുകൾ നികുതി വകുപ്പിന് വെളിപ്പെടുത്തിയിരുന്നില്ലെന്നും വിവിധ അക്കൗണ്ടുകളിലായി 1,098 കോടിയിലേറെ രൂപയുടെ ക്രെഡിറ്റ്-ഡെബിറ്റ് ഇടപാടുകൾ നടന്നതായും എസ്ഐടി കണ്ടെത്തിയിരുന്നു. 549.22 കോടി രൂപയുടെ ബാങ്ക് ക്രെഡിറ്റിൽ 234.31 കോടി രൂപയുടെ ഇടപാടുകൾ കണക്കുകളിൽ പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന പോലീസ് രൂപീകരിച്ച എസ്ഐടി ഇതിനകം റിപ്പോർട്ടർ ടിവി ഓഫീസിലും സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും കോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിൽ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കളമശേരി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ പരിശോധനയും ശുപാർശ ചെയ്തിട്ടുണ്ട്.

