മോസ്കോ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നറും റഷ്യയും യുക്രെയ്നും സന്ദർശിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 5, 6 തീയതികളിൽ മോസ്കോയും തുടർന്ന് സെപ്റ്റംബർ 6ന് കീവുമാണ് സന്ദർശനത്തിന്റെ ഭാഗമായി പരിഗണിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി മോസ്കോയിൽ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കീവിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. കീവ് സന്ദർശനം വിറ്റ്കോഫിന്റെയും കുഷ്നറിന്റെയും ആദ്യത്തേതായിരിക്കും. ജനുവരിയിൽ ഇരുവരും മോസ്കോയിലെത്തി പുടിനുമായി ഏകദേശം നാലുമണിക്കൂർ ചർച്ച നടത്തിയിരുന്നു.
യുദ്ധത്തിന് പരിഹാരം കാണുന്നതിനുള്ള പുതിയ യുഎസ് നിർദേശമാണ് ചർച്ചകളിലെ പ്രധാന വിഷയം. ട്രംപ് സമാധാനത്തിനായി ഒരു “കൃത്യമായ നിർദേശം” മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, പ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. സന്ദർശന കാലയളവിൽ കീവിനെതിരായ റഷ്യൻ ആക്രമണങ്ങളും മോസ്കോയ്ക്കെതിരായ യുക്രെയ്ൻ ആക്രമണങ്ങളും ഒഴിവാക്കണമെന്ന ധാരണയ്ക്കായി യുഎസ് ഇരുരാജ്യങ്ങളുമായും ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. റഷ്യയും യുക്രെയ്നും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാന അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോഴും തുടരുകയാണ്. യുക്രെയ്ൻ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകണമെന്നും നാറ്റോ അംഗത്വ ശ്രമം ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. റഷ്യയുടെ ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നത് കീഴടങ്ങലിന് തുല്യമാണെന്നാണ് യുക്രെയ്ൻ നിലപാട്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും അവസാനമായി ചർച്ച നടത്തിയതിന് ശേഷം നയതന്ത്ര നീക്കങ്ങൾ കാര്യമായി മുന്നോട്ടുപോയിരുന്നില്ല.

