അമേരിക്കൻ വിമാനത്തിൽ യാത്രക്കാരന്റെ അക്രമം; സീറ്റിൽ കെട്ടിയിട്ട് നിയന്ത്രിച്ചു

വാഷിങ്ടൺ: അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ അക്രമാസക്തനായ യാത്രക്കാരനെ സഹയാത്രികരും ജീവനക്കാരും ചേർന്ന് ഡക്ട് ടേപ്പും സിപ്പ് ടൈയും ഉപയോഗിച്ച് സീറ്റിൽ കെട്ടിയിട്ട് നിയന്ത്രിച്ചു. സംഭവത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് ബാൾട്ടിമോർ-വാഷിങ്ടൺ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറക്കി.

സെപ്റ്റംബർ 3-ന് ഡാളസ്-ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ നിന്ന് ന്യൂആർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലാണ് സംഭവം. യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം യാത്രക്കാരൻ സമീപത്തിരുന്ന സഹയാത്രികനെ ആക്രമിക്കാൻ ശ്രമിക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിമാന ജീവനക്കാർ ഇടപെട്ടെങ്കിലും ഇയാൾ കൂടുതൽ അക്രമാസക്തനായെന്നാണ് റിപ്പോർട്ട്.

അക്രമം രൂക്ഷമായതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി. ഡക്ട് ടേപ്പ് ഉപയോഗിച്ച് ശരീരം സീറ്റിനോട് ചേർത്ത് ബന്ധിക്കുകയും കൈകൾ സിപ്പ് ടൈ ഉപയോഗിച്ച് കെട്ടുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും ഇയാളെ നിയന്ത്രിക്കുന്നതിൽ സഹായിച്ചതായി റിപ്പോർട്ടുണ്ട്.

വിമാനം ബാൾട്ടിമോറിൽ ഇറങ്ങിയതോടെ നിയമപാലകർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വിമാനം ന്യൂആർക്കിലേക്കുള്ള യാത്ര പുനരാരംഭിച്ചു. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാൾട്ടിമോർ വിമാനത്താവളത്തിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സംസ്ഥാനതലത്തിൽ ക്രമസമാധാന ലംഘനം, രണ്ടാം ഡിഗ്രി ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വിമാനത്തിനുള്ളിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അക്രമത്തോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. സംഭവത്തിൽ ഫെഡറൽ കുറ്റങ്ങൾ ചുമത്തണമോ എന്നത് സംബന്ധിച്ച് എഫ്ബിഐയും യു.എസ്. അറ്റോർണി ഓഫീസും തുടർനടപടികൾ പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *