കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിൽ ഗുരുതരമായ സുരക്ഷാവീഴ്ചയെ തുടർന്ന് മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വയറിങ് സാമഗ്രികൾ മോഷണം പോയെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത 23 വയസ്സുകാരനായ വൈജേഷാണ് സ്റ്റേഷൻ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്.
രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ലോക്കപ്പിന്റെ വാതിൽ പൂട്ടാൻ മറന്നതാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നാണ് പ്രാഥമിക വിവരം. ഉദ്യോഗസ്ഥൻ മറ്റൊരു സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വൈജേഷ് സെല്ലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് ഇയാൾ കടന്നുകളഞ്ഞു.
സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട പ്രതിക്കായി കൊല്ലം ജില്ലയിലുടനീളവും സമീപപ്രദേശങ്ങളിലും പോലീസ് അന്വേഷണവും പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. കൃത്യവിലോപം കാട്ടിയവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

