അഡലെയ്ഡ്: ദക്ഷിണ ഓസ്ട്രേലിയയിലെ മറെ നദിയിൽ കാണപ്പെടുന്ന ലാംപ്രി മത്സ്യങ്ങളെ തുടർച്ചയായ രണ്ട് നിരീക്ഷണ കാലയളവുകളിലും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. നദിയിലുണ്ടായ ഹാനികരമായ ആൽഗൽ ബ്ലൂം (Algal bloom) ഇവയുടെ കുടിയേറ്റത്തെ സാരമായി ബാധിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നത്.
സാധാരണയായി നടക്കുന്ന നിരീക്ഷണങ്ങളിൽ 20 മുതൽ 100 വരെ ലാംപ്രികളെ കണ്ടെത്താറുണ്ടെങ്കിലും ഇത്തവണ ഒരെണ്ണത്തിനെ പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ആൽഗൽ ബ്ലൂമിന് പുറമെ കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിഭാസങ്ങളും ഇവയുടെ അപ്രത്യക്ഷമാകലിന് പിന്നിലുണ്ടാകാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നദിയിലെ ആൽഗൽ ബ്ലൂമിന്റെ ആഘാതം കുറയുന്നതോടെ അടുത്ത വർഷം ലാംപ്രികൾ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

