“ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ചിറയിൻകീഴ്: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിക്കും സംഘർഷത്തിനും പിന്നിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്ന വിശദീകരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർ രണ്ട് ചേരിയായി തിരിഞ്ഞ് മത്സരിച്ചപ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ താൻ ആരുടെയും പക്ഷം പിടിച്ചിരുന്നില്ലെന്നും, ഇതിനെത്തുടർന്ന് തനിക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും ആസൂത്രിതമായി അഴിച്ചുവിടുകയായിരുന്നുവെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലമാണ് നേതൃത്വം നൽകിയതെന്നും, മാസങ്ങളായി തുടരുന്ന നീക്കത്തിനെതിരെ ആഭ്യന്തര മന്ത്രിക്കും കെ.പി.സി.സിക്കും പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് യോഗവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വീട്ടിൽ സംസാരിക്കാൻ പോയതെന്നും അവിടെ വെച്ച് സജിത്ത് ഉൾപ്പെടെയുള്ളവർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നുമാണ് എം.എൽ.എയുടെ വാദം.

അതേസമയം, വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി സജാദിന്റെ ഭാര്യ നൽകിയ പരാതിയിലും, തന്നെ ആക്രമിച്ചുവെന്ന എം.എൽ.എയുടെ പരാതിയിലും പോലീസ് കേസെടുത്തു. എം.എൽ.എയുടെ പരാതിയിൽ സജിത്ത്, സജാദ് എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്. എന്നാൽ എം.എൽ.എയും സംഘവും വീട്ടിലേക്ക് തള്ളിക്കയറി വരികയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ മകളെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും തന്നെ പിടിച്ചുതള്ളിയതോടെയാണ് സംഘർഷമുണ്ടായതെന്നും സജാദിന്റെ ഭാര്യ സിനി ആരോപിച്ചു.

സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടുകയും നേതാക്കൾ തന്നെ മർദ്ദിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ പരസ്യ തമ്മിലടിയിൽ കെ.പി.സി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും പാർട്ടി നേതൃത്വം തുടർ അച്ചടക്ക നടപടികളിലേക്ക് കടക്കുക.

Leave a Reply

Your email address will not be published. Required fields are marked *