മൊനാഷ് സർവകലാശാലയിലെ ക്ലാസിനിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു; മുൻ ജഡ്ജി കുറ്റസമ്മതം നടത്തി

മെൽബൺ: മൊനാഷ് സർവകലാശാലയിലെ നിയമ ക്ലാസിനിടെ സ്ക്രീനിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മുൻ ജഡ്ജി കുറ്റസമ്മതം നടത്തി. ഫെയർ വർക്ക് കമ്മീഷൻ മുൻ സീനിയർ ഡെപ്യൂട്ടി പ്രസിഡന്റായ അലൻ ബോൾട്ടൻ (76) ആണ് ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളിൽ കുറ്റസമ്മതം നടത്തിയത്.

2025 ഫെബ്രുവരിയിൽ മെൽബൺ സി.ബി.ഡിയിൽ നടന്ന നിയമ ക്ലാസിനിടെയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. തുടർന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മൊനാഷ് സർവകലാശാല ബോൾട്ടനെ ഉടനടി സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ബോൾട്ടനെതിരെ ചുമത്തിയിരുന്ന മൂന്നാമതൊരു കുറ്റം പിന്നീട് പിൻവലിച്ചു. നിലവിൽ ജാമ്യം നീട്ടിനൽകിയിട്ടുള്ള ഇയാൾ 2027 മാർച്ച് അഞ്ചിന് കൗണ്ടി കോടതിയിൽ ഹാജരാകേണ്ടതുണ്ട്. കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *