സിഡ്നി: ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്റ്റംബർ പത്തിന്, പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് കൈത്താങ്ങാകാനും ജീവനൊടുക്കിയവരുടെ ഓർമ്മകൾ പുതുക്കാനുമായി ‘ഔട്ട് ഓഫ് ദ ഷാഡോസ്’ (Out of the Shadows) നടത്തത്തിൽ പങ്കുചേരാൻ അഭ്യർത്ഥന. ഓസ്ട്രേലിയയിൽ പ്രതിദിനം ആത്മഹത്യ മൂലം ജീവൻ നഷ്ടപ്പെടുന്ന ഒൻപത് പേരുടെ ഓർമ്മയ്ക്കായി സമർപ്പിച്ചാണ് ഈ നടത്തം സംഘടിപ്പിക്കുന്നത്.
ഓസ്ട്രേലിയയിൽ ഓരോ വർഷവും 65,000-ലധികം ആളുകൾ ജീവനൊടുക്കാൻ ശ്രമിക്കുകയും മൂവായിരത്തിലധികം ആളുകൾക്ക് ആത്മഹത്യയിലൂടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. വ്യക്തികളുടെ ആത്മഹത്യ അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തീരാവേദനയാണ് അവശേഷിപ്പിക്കുന്നത്. മാനസിക പ്രതിസന്ധികൾ അനുഭവിക്കുന്നവരിൽ നിന്ന് പ്രതിവർഷം പത്തുലക്ഷത്തിലധികം വിളികളാണ് സഹായവാഗ്ദാനവുമായി പ്രവർത്തിക്കുന്ന ‘ലൈഫ്ലൈൻ’ (Lifeline) എന്ന സംഘടനയിലേക്ക് എത്തുന്നത്.
സഹായം ആവശ്യമുള്ള ഓസ്ട്രേലിയൻ പൗരന്മാർക്ക് ലൈഫ്ലൈനിന്റെ ആത്മഹത്യ പ്രതിരോധ സേവനങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരിക്കുകയാണ് ഈ നടത്തത്തിന്റെ പ്രധാന ലക്ഷ്യം. ആരും തങ്ങളുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ തനിച്ചാകരുതെന്ന് ഉറപ്പാക്കാൻ എല്ലാവരും ഈ സംരംഭത്തെ പിന്തുണയ്ക്കണമെന്നും സംഭാവനകൾ നൽകി സഹായിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ഫണ്ട് സമാഹരണത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർക്ക് https://www.outoftheshadowswalk.org.au/s/94803/104469/w എന്ന ലിങ്ക് വഴി പിന്തുണയറിയിക്കാം.

