കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തെ മുഖ്യമന്ത്രി വിമർശിച്ചതിന് പിന്നാലെയാണ് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ സതീശനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കാന്തപുരത്തിന്റെ പ്രസ്താവനയെ 19-ാം നൂറ്റാണ്ടിന്റെ ചിന്താഗതിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ‘കുരുടൻ ആനയെ തൊട്ടതുപോലെ’യാണെന്ന് മുഖപ്രസംഗം വിമർശിക്കുന്നു. സ്ത്രീകൾ പ്രദർശിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശത്തിന് അദ്ദേഹത്തിന് അവകാശമുണ്ടെന്നും, അതിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്കും അവകാശമുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായയിൽനിന്ന് മാറാനുള്ള ശ്രമമാണ് സതീശന്റേതെന്നും സുപ്രഭാതം ആരോപിക്കുന്നു. ശബരിമല യുവതീപ്രവേശനത്തെ എതിർത്ത സതീശൻ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിലും മുഖപ്രസംഗം വിമർശനം ഉന്നയിക്കുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ഡിസിസി അംഗം ചേന്തി അനിലും തമ്മിലുണ്ടായ തർക്കവും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ രാഷ്ട്രീയ സാഹചര്യത്തെയും പത്രം വിമർശിച്ചു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതുമടക്കമുള്ള വിഷയങ്ങളും വിമർശനത്തിന് വിധേയമാക്കി.
അതേസമയം, മുഖപ്രസംഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന പരാമർശവും ഉണ്ട്. ചെന്നിത്തലയെ ‘സമരസപ്പെടലിന്റെ മഹാഗോപുരം’ എന്നാണ് മുഖപ്രസംഗം വിശേഷിപ്പിക്കുന്നത്.

