ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
ഡൽഹിക്ക് പുറമെ ഹരിയാന, ചണ്ഡിഗഢ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പുതിയ പ്രവചനം. സെപ്റ്റംബർ 6ന് ഉത്തരാഖണ്ഡ്, ഹരിയാന-ചണ്ഡിഗഢ്-ഡൽഹി, പഞ്ചാബ്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
തുടർച്ചയായ മഴയെ തുടർന്ന് ഉത്തരേന്ത്യയിലെ വിവിധ പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിഹാറിൽ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹി-എൻസിആറിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകളെയും ബാധിച്ചിരുന്നു.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.

