തെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം നങ്കൂരമിട്ടിരുന്ന ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യുഎസ് സേന ആക്രമണം നടത്തിയതായി റിപ്പോർട്ട്. നാല് മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചതായും വിവരമുണ്ട്.
അതേസമയം, ഖാർഗ് ദ്വീപിന് സമീപമുള്ള ഒരു ടാങ്കറിന് പുറമെ ജാസ്കിന് സമീപവും ഗൾഫ് ഓഫ് ഒമാനിലും രണ്ട് ഇറാനിയൻ എണ്ണ ടാങ്കറുകൾ കൂടി യുഎസ് സേന ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഖാർഗ് ദ്വീപിന് സമീപത്തെയും ജാസ്കിന് സമീപത്തെയും ടാങ്കറുകൾ പ്രവർത്തനരഹിതമാക്കിയെന്നും ഗൾഫ് ഓഫ് ഒമാനിലെ മൂന്നാമത്തെ, ചരക്കില്ലാത്ത ടാങ്കർ പൂർണമായും നശിപ്പിച്ചെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) രണ്ട് യുഎസ് നാവിക കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് മറുപടിയായാണ് നടപടിയെന്ന് യുഎസ് അവകാശപ്പെട്ടു. ലക്ഷ്യമിട്ട ടാങ്കറുകൾ ഇറാൻ റെവല്യൂഷനറി ഗാർഡിനും മേഖലയിൽ പ്രവർത്തിക്കുന്ന സഖ്യകക്ഷി സായുധസംഘങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന ‘ഷാഡോ നെറ്റ്വർക്കിന്റെ’ ഭാഗമാണെന്നും യുഎസ് ആരോപിച്ചു.
ഖാർഗ് ദ്വീപ് ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമാണ്. യുദ്ധത്തിന് മുമ്പ് രാജ്യത്തിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഈ ദ്വീപിലൂടെയായിരുന്നു. യുഎസ് ഉപരോധവും നാവിക ഉപരോധവും നിലവിലുള്ള സാഹചര്യത്തിൽ ഖാർഗിനെതിരായ ഏത് നടപടിയും ഇറാന്റെ എണ്ണവരുമാനത്തെ കൂടുതൽ ബാധിക്കാനിടയുണ്ട്.
ആക്രമണത്തിന് പിന്നാലെ യുഎസ് നടപടികൾ തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സായുധസേന മുന്നറിയിപ്പ് നൽകി. സംഭവത്തോടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് ഉയർന്നിരിക്കുന്നത്.

