മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്റി മോലയ്ക്ക്

ഹനോയ്: മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രതിനിധി ജോഹെയ്റി മോല സ്വന്തമാക്കി. വിയറ്റ്നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് മോല കിരീടം നേടിയത്. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് തായ്‌ലൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രിയാണ് മോലയെ കിരീടമണിയിച്ചത്.

സ്പെയിനിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പും മലേഷ്യയുടെ താനുസിയ ചെറ്റി സെക്കൻഡ് റണ്ണറപ്പുമായി. ആഫ്രിക്ക, അമേരിക്കാസ് ആൻഡ് കരീബിയൻ, യൂറോപ്പ്, ഏഷ്യ ആൻഡ് ഓഷ്യാനിയ എന്നീ മേഖലകളിൽ നിന്നുള്ള മികച്ച പ്രകടനം കാഴ്ചവച്ചവരിൽനിന്നാണ് അവസാന ഘട്ടത്തിലേക്ക് മത്സരാർഥികളെ തിരഞ്ഞെടുത്തത്.

ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പോർവാൾ ടോപ് 40ൽ ഇടം നേടി. എന്നാൽ ടോപ് 20ൽ ഇടം നേടാനായില്ല.

വിയറ്റ്നാമിലെ നാ ട്രാങ്, ഖാൻഹ് ഹോവയിലാണ് ഇത്തവണത്തെ മത്സരം നടന്നത്. ആകെ 111 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുത്തത്. വിവിധ പ്രാഥമിക മത്സരങ്ങളുടെയും മറ്റ് ഘട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ടോപ് 40, ടോപ് 20, ടോപ് 12 എന്നിങ്ങനെ പട്ടിക ചുരുക്കിയാണ് അവസാന ആറ് പേരിലേക്ക് എത്തിയത്.

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിസ് വേൾഡ് ചരിത്രത്തിലെ രണ്ടാം കിരീടമാണിത്. 1982ൽ മാരിയാസെല അൽവാരസിലൂടെയാണ് രാജ്യത്തിന് ആദ്യ കിരീടം ലഭിച്ചത്.

അടുത്ത മിസ് വേൾഡ് മത്സരം 2027ൽ ടാൻസാനിയയിലാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *