ചാവക്കാട്: കുന്നംകുളം–ആർത്താറ്റ് റോഡിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ദമ്പതികളും മൂന്ന് വയസുകാരനായ മകനും മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ (34), ഭാര്യ ഷിഫ്ന (26), മകൻ എമിൽ ഐബിക് (3) എന്നിവരാണ് മരിച്ചത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മുനീറിന്റെ മാതൃസഹോദരിയുടെ മകളുടെ വിവാഹമായിരുന്നു അന്ന്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കുടുംബം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ആർത്താറ്റ് ഭാഗത്ത് എത്തിയപ്പോൾ മുനീർ ഫോൺ വിളിക്കുന്നതിനായി ബൈക്ക് റോഡരികിൽ നിർത്തിയിരുന്നു. ഇതിനിടെ ഷിഫ്ന സമീപത്തുനിന്ന് മകനെ മൂത്രമൊഴിപ്പിക്കുകയായിരുന്നു. ഈ സമയത്ത് നിയന്ത്രണം വിട്ടെത്തിയ കാർ മൂവരെയും ഇടിച്ചുതെറിപ്പിച്ച ശേഷം വൈദ്യുതത്തൂണിൽ ഇടിച്ചതായാണ് റിപ്പോർട്ട്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂവരും മരിച്ചു. മൃതദേഹങ്ങൾ എടക്കഴിയൂർ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ ഒരുമിച്ച് ഖബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
മുനീർ ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഒരാഴ്ച മുമ്പാണ് അദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്. അപകടവിവരം അറിഞ്ഞതോടെ വിവാഹവീട്ടിലെ ചടങ്ങുകൾ ലളിതമായി മാത്രമാണ് നടത്തിയത്.

