മുംബൈ: ആഗോള വിപണിയിലെ സമ്മർദവും ഉയർന്ന ക്രൂഡ് ഓയിൽ വിലയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ ചൊവ്വാഴ്ച ഇടിവ്. സെൻസെക്സ് 300 പോയിന്റിലേറെ താഴ്ന്നപ്പോൾ നിഫ്റ്റി 23,700 നിലവാരത്തിന് താഴെയെത്തി.
ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 98 ഡോളറിലെത്തിയത് ഇന്ത്യയെ സംബന്ധിച്ചും ആശങ്ക ഉയർത്തുന്ന ഘടകമാണ്. എണ്ണവില വർധിക്കുന്നത് ഇറക്കുമതി ചെലവും പണപ്പെരുപ്പ സമ്മർദവും വർധിപ്പിക്കുമെന്ന വിലയിരുത്തലാണ് വിപണിയെ ബാധിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും നിക്ഷേപകരെ ജാഗ്രതയിലാക്കി.
രാവിലെ 10.06ന് നിഫ്റ്റി 50 0.46 ശതമാനം താഴ്ന്ന് 23,668.85ലും സെൻസെക്സ് 0.53 ശതമാനം നഷ്ടത്തിൽ 75,727.30ലുമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ പ്രമുഖ ഓഹരികളിലും സമ്മർദം പ്രകടമായി.

