ഹോർമുസിൽ പുതിയ നിയന്ത്രിത മേഖല പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് പുറത്തായി പുതിയ നിയന്ത്രിത മേഖല പ്രഖ്യാപിക്കാനൊരുങ്ങുന്നതായി ഇറാൻ. ഹോർമുസിലെ യുഎസ് നാവികസേനയുടെ ഉപരോധ മേഖലയ്ക്ക് സമീപത്തുനിന്ന് ആരംഭിച്ച് പേർഷ്യൻ ഗൾഫിന്റെ ചില ഭാഗങ്ങളിലേക്കും നീളുന്ന മേഖലയായിരിക്കും ഇതെന്ന് ഇറാന്റെ പുതിയ സുരക്ഷാ മേധാവി ജനറൽ മൊഹ്സിൻ റെസായി അറിയിച്ചു.

ടെലിവിഷൻ അഭിമുഖത്തിലാണ് റെസായി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതിയില്ലാതെ പുതിയ നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മേഖല സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് നിലവിൽ പൂർണമായും അടച്ചിരിക്കുകയാണെന്നും റെസായി അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്ക് തുറന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും റെസായി ആരോപിച്ചു. കടലിടുക്ക് അടയ്ക്കുന്നതിന് മുമ്പ് പ്രതിദിനം നൂറിലധികം ചരക്കുകപ്പലുകൾ ഇതുവഴി കടന്നുപോയിരുന്നുവെന്നും ഇപ്പോൾ ഇറാനിലേക്കുള്ള അവശ്യവസ്തുക്കളുമായി എത്തുന്ന ഏഴോ എട്ടോ കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക കടത്തിവിടാൻ ശ്രമിക്കുന്ന ചില കപ്പലുകൾ ആക്രമിക്കപ്പെടുന്നുണ്ടെന്നും റെസായി പറഞ്ഞു. എന്നാൽ എണ്ണ ടാങ്കറുകളായതിനാൽ പരിസ്ഥിതി പ്രശ്നം കണക്കിലെടുത്ത് അവ മുക്കാനുള്ള നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിലെ പുതിയ ഇടനാഴിയെക്കുറിച്ചുള്ള കരാർ വരും ദിവസങ്ങളിൽ ഒപ്പുവയ്ക്കുമെന്നും അതുവഴിയുള്ള ഗതാഗതം പൂർണമായും ഇറാൻ നിയന്ത്രിക്കുമെന്നും റെസായി അറിയിച്ചു. കടലിടുക്കിന്റെ സുരക്ഷ സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി തുർക്കി, സൗദി വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *