ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ അഭയകേന്ദ്രമായ യിൻലി റ്യുങ് ഹൗസിംഗ് ഷെൽട്ടർ (Yilli Rreung Housing) ഒക്ടോബർ 11-ഓടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ഇതോടെ 85 കുട്ടികൾ ഉൾപ്പെടെ 230-ലധികം അന്തേവാസികൾ ഭവനരഹിതരാകുമെന്ന ആശങ്ക ശക്തമായി. കെട്ടിടത്തിന്റെ ഉടമകളായ ഓസ്കോ മോഡുലാറുമായി (Ausco Modular) സർക്കാരുകൾക്ക് ധാരണയിലെത്താൻ സാധിക്കാത്തതാണ് കേന്ദ്രം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്നത്.
നിലവിൽ മുന്നൂറിലധികം ആളുകളാണ് ഈ കേന്ദ്രത്തിൽ പ്രവേശനം കാത്ത് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. കെട്ടിടത്തിനായി നോർത്തേൺ ടെറിട്ടറി (എൻ.ടി) സർക്കാർ മൂന്ന് ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തപ്പോൾ, ഉടമകളായ ഓസ്കോ ആവശ്യപ്പെടുന്നത് 6.5 ദശലക്ഷം ഡോളറാണ്. ഇതിനിടെ ഫെഡറൽ സർക്കാരിൽ നിന്ന് 3.5 ദശലക്ഷം ഡോളർ വരെ സഹായം നൽകാമെന്ന് സെനറ്റർ മലാൻഡിരി മക്കാർത്തി അറിയിച്ചെങ്കിലും എൻ.ടി സർക്കാർ അത് നിരസിക്കുകയായിരുന്നു. കെട്ടിടം കാലപ്പഴക്കം ചെന്നതാണെന്നും നിലവിലെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലെന്നുമാണ് മന്ത്രി റോബിൻ കാഹിലിന്റെ വിശദീകരണം. ഒക്ടോബർ 11 എന്ന അവസാന തീയതി അടുത്തെത്തിയിട്ടും ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്.
ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ ഏക ആശ്രയമാണ് ഈ ഷെൽട്ടർ. കേന്ദ്രം അടച്ചുപൂട്ടുന്നത് നോർത്തേൺ ടെറിട്ടറിയിലെ ആരോഗ്യ, ഭവനരഹിത പുനരധിവാസ സേവന മേഖലകളിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് സേവനദാതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വന്തം നാട്ടിൽ അഭയാർഥികളാകേണ്ടി വരുന്ന അവസ്ഥയാണെന്ന് കേന്ദ്രത്തിലെ അന്തേവാസികൾ ആശങ്ക പങ്കുവെക്കുന്നു. ഇത്രയധികം കുട്ടികൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യത്തിലും അധികൃതർ ശാശ്വതമായ പരിഹാരം കാണാത്തതിൽ പ്രതിഷേധവും ശക്തമാണ്.

