സിഡ്നി ഫെറികളിലെ ഓപൽ കാർഡ് റീഡറുകൾ ഓഫ് ചെയ്യുമെന്ന് യൂണിയൻ; യാത്രക്കാർ പണം നൽകണമെന്ന് അധികൃതർ

സിഡ്നി: വ്യാവസായിക പ്രതിഷേധത്തിന്റെ ഭാഗമായി സിഡ്നി ഫെറികളിലെ ഓപൽ കാർഡ് റീഡറുകൾ സെപ്റ്റംബർ 11 മുതൽ ഒക്ടോബർ 6 വരെ ഓഫ് ചെയ്യുമെന്ന് മാരിടൈം യൂണിയൻ ഓഫ് ഓസ്‌ട്രേലിയ (എം.യു.എ) അറിയിച്ചു. എന്നാൽ, റീഡറുകൾ ഓഫാക്കാൻ അനുമതിയില്ലെന്നും യാത്രക്കാർ സാധാരണ നിരക്ക് നൽകി യാത്ര ചെയ്യണമെന്നും ന്യൂ സൗത്ത് വെയിൽസ് ഗതാഗത വകുപ്പ് വ്യക്തമാക്കി.

ഫെറി സർവീസുകൾ നടത്തുന്ന ട്രാൻസ്‌ഡെവുമായി നിലനിൽക്കുന്ന വേതന-തൊഴിൽ തർക്കങ്ങളെത്തുടർന്നാണ് യൂണിയൻ നടപടികളിലേക്ക് കടന്നത്. ടിക്കറ്റുകൾ നൽകുന്നതിലും പരിശോധിക്കുന്നതിലും ഏർപ്പെടുത്തിയ വിലക്കിന്റെ ഭാഗമായി ഓപൽ റീഡറുകൾ ഓഫാക്കുമെന്നും, അതിനാൽ യാത്രക്കാർക്ക് നിരക്കില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നുമാണ് യൂണിയന്റെ പ്രഖ്യാപനം.

എന്നാൽ, ഓപൽ റീഡറുകൾ പ്രവർത്തനരഹിതമാക്കുന്നത് സമരം സംബന്ധിച്ച ചട്ടങ്ങൾക്ക് പുറത്തുള്ള കാര്യമാണെന്ന് ട്രാൻസ്‌ഡെവ് സിഡ്നി ഫെറീസ് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ നിരക്കുകൾ തന്നെ പ്രാബല്യത്തിലുണ്ടാകുമെന്നും യാത്രക്കാർ സാധുതയുള്ള ഓപൽ കാർഡോ കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനമോ ഉപയോഗിച്ച് ടാപ്പ് ഓൺ, ടാപ്പ് ഓഫ് ചെയ്യണമെന്നും ട്രാൻസ്‌പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു നിർദേശിച്ചു.

അതേസമയം, ജീവനക്കാർ അധിക ജോലി (ഓവർടൈം) ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സർവീസുകളിൽ സമയമാറ്റങ്ങൾക്കും കാലതാമസത്തിനും ചിലത് റദ്ദാക്കപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ തത്സമയ യാത്രാ വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *