മെൽബൺ: മെൽബണിന്റെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും വീടാക്രമണം (ഹോം ഇൻവേഷൻ) ഉണ്ടായ പശ്ചാത്തലത്തിൽ, കുറ്റകൃത്യങ്ങൾ തടയുന്നതിനും ജാമ്യനിയമങ്ങൾ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ നയപ്രഖ്യാപനവുമായി വിക്ടോറിയൻ പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ എം.പി. വീഡിയോ സന്ദേശത്തിലൂടെയാണ് കൊയലിഷൻ സർക്കാരിന്റെ പദ്ധതികൾ അവർ വ്യക്തമാക്കിയത്.
കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് മൂവായിരം അധിക പോലീസുകാരെ നിയമിക്കുമെന്നും ‘അഡൾട്ട് ക്രൈം, അഡൾട്ട് ടൈം’ (മുതിർന്നവർ ചെയ്യുന്നതിന് തുല്യമായ കുറ്റകൃത്യങ്ങൾക്ക് മുതിർന്നവർക്കുള്ള അതേ ശിക്ഷ) നിയമങ്ങൾ നടപ്പിലാക്കുമെന്നും ജെസ് വിൽസൺ അറിയിച്ചു. ഒപ്പം, ജാമ്യവ്യവസ്ഥകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ‘വൺ-സ്ട്രൈക്ക് റൂൾ’ കൊണ്ടുവരുമെന്നും ഒരു പുതിയ കോർട്ട് ഓഫ് ക്രിമിനൽ അപ്പീൽ രൂപീകരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി നേരിടാനും വിക്ടോറിയൻ ജനതയുടെ സുരക്ഷ പൂർണമായി ഉറപ്പാക്കാനുമാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ക്രമസമാധാന നിലയും കൗമാരക്കാരുടെ കുറ്റകൃത്യങ്ങളും പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകൾ, ശിക്ഷാനടപടികൾ, പോലീസ് സേനയുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദങ്ങൾ കൂടുതൽ ശക്തമാവുകയാണ്.

