ഫിലിപ്പീൻസിൽ യാത്രാഫെറിക്ക് തീപിടിത്തം; അഞ്ച് മരണം, 87 പേരെ കാണാനില്ല

മനില: ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിലെ കോറോണിന് സമീപം യാത്രാഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. 87 പേരെ കാണാനില്ലെന്ന് ഫിലിപ്പീൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 42 പേരെ ഇതുവരെ രക്ഷപ്പെടുത്തി.

എംവി ജൂൺ ആസ്റ്റർ എന്ന ഫെറിയിലാണ് ബുധനാഴ്ച വൈകിട്ട് തീപിടിച്ചത്. മനിലയിലെ ബാസെകോയിൽനിന്ന് കോറോണിലേക്ക് പോകുകയായിരുന്നു കപ്പൽ. 117 യാത്രക്കാരും 17 ജീവനക്കാരുമടക്കം 134 പേരാണ് ഫെറിയിലുണ്ടായിരുന്നത്.

കോറോണിൽനിന്ന് ഏകദേശം 2.2 കിലോമീറ്റർ അകലെവച്ചാണ് തീപിടിത്തമുണ്ടായത്. ശക്തമായ തിരമാലയും കടൽപ്രവാഹവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. കോസ്റ്റ് ഗാർഡ്, സൈന്യം, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. രക്ഷപ്പെടുത്തിയവരുടെയും കാണാതായവരുടെയും എണ്ണം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനനുസരിച്ച് മാറിയേക്കാമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *