ചില്ലുകഷണങ്ങളുടെ സാന്നിധ്യം, പ്രമുഖ പ്രോട്ടീൻ പുഡ്ഡിംഗുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു; ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലാന്റിലും ജാഗ്രതാ നിർദ്ദേശം

സിഡ്നി: ഭക്ഷ്യസുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡായ ആർലയുടെ (Arla) രണ്ട് പ്രോട്ടീൻ പുഡ്ഡിംഗ് ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു. ഉൽപ്പന്നങ്ങളിൽ ചില്ലുകഷണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ന്യൂ സൗത്ത് വെയിൽസ് , ക്വീൻസ്‌ലാന്റ്, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ആർല പ്രോട്ടീൻ സാൾട്ടഡ് കാരമൽ ഫ്ലേവർ പുഡ്ഡിംഗ് 200 ഗ്രാം (Best Before: 28/04/2027), ആർല പ്രോട്ടീൻ ചോക്ലേറ്റ് ഫ്ലേവർ പുഡ്ഡിംഗ് 200 ഗ്രാം (Best Before: 09/05/2027) എന്നീ രണ്ട് ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇതിൽ സാൾട്ടഡ് കാരമൽ പുഡ്ഡിംഗ് ന്യൂ സൗത്ത് വെയിൽസിലെ കോസ്റ്റ്കോ വഴിയും, ചോക്ലേറ്റ് ഫ്ലേവർ പുഡ്ഡിംഗ് ന്യൂ സൗത്ത് വെയിൽസിലെയും ക്വീൻസ്‌ലാന്റിലെയും കോൾസ് (Coles), ഐജിഎ (IGA), ഹാരിസ് ഫാം , സൂപ്പർബാൻ എന്നീ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴിയുമാണ് വിതരണം ചെയ്തിരുന്നത്.

ഈ ബാച്ചുകളിൽപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ യാതൊരു കാരണവശാലും ഇവ കഴിക്കരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വാങ്ങിയ ഉൽപ്പന്നങ്ങൾ അതത് വിൽപ്പനകേന്ദ്രങ്ങളിൽ തിരികെ ഏൽപ്പിച്ച് മുഴുവൻ തുകയും റീഫണ്ടായി കൈപ്പറ്റാമെന്നും ഭക്ഷ്യസുരക്ഷാ ഏജൻസികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *