കൊച്ചി: മെസി പരിപാടിയുമായി ബന്ധപ്പെട്ട് സ്പോൺസറെ തെരഞ്ഞെടുത്ത നടപടിക്രമം പരിശോധിക്കണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. പത്ത് ലക്ഷം രൂപ മാത്രം മൂലധനമുള്ള സ്ഥാപനം 200 കോടി രൂപ ചെലവ് വരുന്ന പരിപാടിയുടെ സംഘാടകരായതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി വ്യക്തമായിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ആരോപണങ്ങളോടും ജനീഷ് പ്രതികരിച്ചു. താൻ കള്ളം പറയുകയാണെന്ന് അബ്ദുറഹിമാന് പറയാനാകുമെന്നും എന്നാൽ സത്യം തെളിയിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയാൻ അബ്ദുറഹിമാന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രിയുടെ കമ്പ്യൂട്ടറിൽ ലഭ്യമായ രേഖകൾ എസ്ഐടിക്ക് പരിശോധിക്കാമെന്നും അബ്ദുറഹിമാൻ നേരത്തെ ആരോപിച്ചിരുന്നു. കായിക വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലും സത്യസന്ധതയില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

