ബെയ്റൂത്ത്: തെക്കൻ ലെബനനിലെ അലി അൽ-താഹിർ മലനിരകളിൽ ഹിസ്ബുള്ളയുടെ ഭൂഗർഭ സൈനിക കേന്ദ്രത്തിനെതിരെ ഇസ്രയേൽ സൈനിക നടപടി. പ്രദേശത്തെ ഏകദേശം രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്ക ശൃംഖലയും അതിനുള്ളിലെ ആയുധശേഖരങ്ങളും കമാൻഡ് കേന്ദ്രങ്ങളും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ളയുടെ ബദർ യൂണിറ്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രധാന കമാൻഡ് കേന്ദ്രം ഉൾപ്പെടെയുള്ള ഭൂഗർഭ സംവിധാനമാണ് തകർത്തതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. തുരങ്കങ്ങളിൽ റോക്കറ്റുകൾ, മിസൈലുകൾ, ഡ്രോണുകൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ ഉണ്ടായിരുന്നെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. അലി അൽ-താഹിർ പ്രദേശത്തിന് മുകളിലും ഭൂഗർഭമായും പ്രവർത്തന നിയന്ത്രണം സ്ഥാപിച്ചതായും സൈന്യം അറിയിച്ചു.
തുരങ്കങ്ങൾ തകർക്കാൻ ഉപയോഗിച്ച വൻ സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സമീപപ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിൽ തന്ത്രപ്രധാനമായ മേഖലയാണ് അലി അൽ-താഹിർ മലനിരകൾ. ഉയർന്ന പ്രദേശമായതിനാൽ തെക്കൻ ലെബനനിലെയും വടക്കൻ ഇസ്രയേലിലെയും വിശാല മേഖലകളെ നിരീക്ഷിക്കാൻ ഇവിടെനിന്ന് സാധിക്കും. ജൂണിൽ വെടിനിർത്തൽ ധാരണ നിലവിൽ വന്നെങ്കിലും പ്രദേശത്ത് ഇസ്രയേൽ സൈനിക നടപടികളും ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണങ്ങളും തുടരുകയായിരുന്നു.

