തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണം കടത്തൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണമെന്ന് എസ്ഐടി സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്. ജിഎസ്ടി വെട്ടിപ്പ്, വിദേശ സേവനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നികുതി ബാധ്യത, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
അന്വേഷണ റിപ്പോർട്ട് പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വലിയ തുക വായ്പയെടുത്ത് വിദേശത്തേക്ക് പണം കൈമാറിയതായും, ഭൂമിയുടെ മൂല്യം യഥാർഥ വിലയേക്കാൾ ഉയർത്തിക്കാട്ടി വായ്പ നേടിയതായും കണ്ടെത്തിയിട്ടുണ്ട്. 2024ൽ 9.94 കോടി രൂപയ്ക്ക് വാങ്ങിയ മൂന്ന് വസ്തുവകകൾ ഒരു വർഷത്തിനകം 154.38 കോടി രൂപ മൂല്യമുള്ളതായി കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട 13 സ്ഥാപനങ്ങളെയും എട്ട് വ്യക്തികളെയും അന്വേഷണ സംഘം കണ്ടെത്തിയതായും, ഇന്ത്യയ്ക്കകത്തും പുറത്തുമായി വെളിപ്പെടുത്താത്ത ആറ് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. മൊത്തം 549.22 കോടി രൂപ മെസിയുടെ പേരിൽ സമാഹരിച്ചതായാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിൽ 212.75 കോടി രൂപ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായി നേടിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നേരത്തെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കളമശേരി പൊലീസ് സ്റ്റേഷനിൽ ആരെയും പ്രതിചേർക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ പ്രതികളെ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

