ആയുധനിർമാണത്തിനും ജൈവായുധ ഗവേഷണത്തിനും ക്ലോഡ് എഐ ദുരുപയോഗം ചെയ്യാൻ ശ്രമം; റിപ്പോർട്ട് പുറത്തുവിട്ട് ആന്ത്രോപിക്

ന്യൂയോർക്ക്, സെപ്റ്റംബർ 11: ജൈവായുധ ഗവേഷണം, പരമ്പരാഗത ആയുധനിർമാണം, സൈബർ ആക്രമണം, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി തങ്ങളുടെ ക്ലോഡ് എഐ മോഡലുകൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച നിരവധി സംഭവങ്ങൾ തടഞ്ഞതായി എഐ കമ്പനി ആന്ത്രോപിക്. ഡിസംബർ 2025 മുതൽ ഓഗസ്റ്റ് 2026 വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുതിയ ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് വിവരങ്ങൾ.

ജൈവായുധ വികസനത്തിന് സഹായകമായേക്കാവുന്ന ഗവേഷണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ ആന്ത്രോപിക് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ചില ഗവേഷകർ വൈറസുകളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികൾക്കും ഗ്രാന്റ് അപേക്ഷകൾക്കും ക്ലോഡിന്റെ സഹായം തേടിയതായി കമ്പനി പറയുന്നു. എന്നാൽ ഇത്തരം ഉപയോഗങ്ങൾ യഥാർഥത്തിൽ ജൈവായുധ നിർമാണത്തിലേക്ക് എത്തിയെന്നതിന് തെളിവുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നില്ല. ചില ഗവേഷണങ്ങൾക്ക് ചികിത്സാപരമായ ലക്ഷ്യങ്ങളും ഉണ്ടായിരിക്കാമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത ആയുധങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈന, റഷ്യ, യെമൻ എന്നിവിടങ്ങളുമായി ബന്ധമുള്ളതായി വിലയിരുത്തുന്ന പ്രവർത്തകർ ക്ലോഡ് ഉപയോഗിച്ച് മിസൈൽ, ഡ്രോൺ, ടോർപീഡോ പ്രതിരോധ സംവിധാനം, ഇലക്ട്രോണിക് യുദ്ധം തുടങ്ങിയവയ്ക്കുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനും വിവരശേഖരണം നടത്താനും ശ്രമിച്ചതായി ആന്ത്രോപിക് പറയുന്നു. ഒരു സംഭവത്തിൽ ഗൈഡഡ് റോക്കറ്റിന്റെ പരീക്ഷണം നടന്നതായും കമ്പനി വ്യക്തമാക്കി.

റഷ്യയുമായി ബന്ധപ്പെട്ട ഒരു സംഘം സ്വയം പ്രവർത്തിക്കുന്ന എഫ്പിവി ഡ്രോൺ സ്വോം വികസിപ്പിക്കുന്നതിനായി ക്ലോഡ് കോഡ് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്. ഡ്രോണുകളുടെ ഏകോപനം, ലക്ഷ്യത്തിലേക്കുള്ള മാർഗനിർദേശം, നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ എഐ ഉപയോഗിച്ചതായാണ് കണ്ടെത്തൽ.

ഇത്തരം ദുരുപയോഗം കണ്ടെത്തിയ അക്കൗണ്ടുകൾ നിരോധിച്ചതായും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ, വ്യവസായ സ്ഥാപനങ്ങൾ എന്നിവരുമായി പങ്കുവച്ചതായും ആന്ത്രോപിക് അറിയിച്ചു. അപകടസാധ്യതയുള്ള ആയുധ വികസനവുമായി ബന്ധപ്പെട്ട അഭ്യർഥനകൾ തിരിച്ചറിയാനും തടയാനും പുതിയ സുരക്ഷാ സംവിധാനങ്ങളും ക്ലാസിഫയറുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആധുനിക എഐ മോഡലുകൾ സങ്കീർണമായ ശാസ്ത്രീയവും സാങ്കേതികവുമായ ജോലികൾ നിർവഹിക്കാൻ കൂടുതൽ പ്രാപ്തമാകുന്നതിനനുസരിച്ച് ദുരുപയോഗ സാധ്യതയും വർധിക്കുന്നുവെന്നാണ് ആന്ത്രോപികിന്റെ വിലയിരുത്തൽ. അതേസമയം, റിപ്പോർട്ടിലെ സംഭവങ്ങൾ എഐ ഉപയോഗിച്ച് യഥാർഥത്തിൽ ജൈവായുധങ്ങളോ പ്രവർത്തനക്ഷമമായ ആയുധ സംവിധാനങ്ങളോ വിജയകരമായി വികസിപ്പിച്ചതായി സ്ഥിരീകരിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *