ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ള കാർ യാത്ര ആഗോള ശ്രദ്ധ നേടുന്നു. ഔദ്യോഗിക പരിപാടികളിലെ പതിവ് പ്രോട്ടോക്കോളുകൾക്കപ്പുറം ഇരുനേതാക്കളും ഒരുമിച്ച് നടത്തിയ ഈ യാത്ര ഇന്ത്യ-റഷ്യ ബന്ധത്തിലെ വ്യക്തിപരമായ അടുപ്പത്തിന്റെ മറ്റൊരു സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ എസ്‌സിഒ ഉച്ചകോടിയിലും കിർഗിസ്ഥാനിലെ വേൾഡ് നോമാഡ് ഗെയിംസിനിടെയും ഇരുവരും ഒരേ വാഹനത്തിൽ യാത്ര ചെയ്തിരുന്നു. അതിനാൽ ഈ യാത്രയ്ക്ക് മാധ്യമങ്ങൾ ‘Carplomacy’ എന്ന വിശേഷണം നൽകിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ‘ഔറസ് സെനറ്റ്’ എന്ന അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ലിമോസിനിലാണ് ഇരുനേതാക്കളും ഉച്ചകോടി വേദികളിലേക്ക് ഒരുമിച്ച് സഞ്ചരിച്ചത്. ’ഓടും കോട്ട’ (Fortress On Wheels) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വാഹനം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാൽ സമ്പന്നമാണ്. ബോംബ് സ്ഫോടനങ്ങൾ, കെമിക്കൽ ആക്രമണങ്ങൾ, ലാൻഡ്‌മൈൻ ഭീഷണികൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ള ബോഡിയും വിൻഡോ ഗ്ലാസുകളുമാണ് ഇതിലുള്ളത്. വാതകാക്രമണം ഉണ്ടായാൽ കാറിനുള്ളിൽ അടിയന്തര ഓക്സിജൻ ലഭ്യമാക്കാനുള്ള പ്രത്യേക സാങ്കേതികവിദ്യയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
റഷ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ അത്യാഡംബര വാഹനം മോസ്കോയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ എത്തിച്ചത്. നേരത്തെ നടന്ന ഉച്ചകോടികളിലും ഇരുവരും ഒരുമിച്ച് ഈ വാഹനത്തിൽ യാത്ര ചെയ്തത് വലിയ വാർത്തയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം എടുത്തുകാണിക്കുന്നതിനൊപ്പം ഡൽഹി തെരുവുകളിൽ സുരക്ഷയുടെയും സാങ്കേതികവിദ്യയുടെയും വൻ പ്രകടനം കൂടിയായി ഈ യാത്ര മാറി. ‘കാർപ്ലോമസി’ അഥവാ വാഹനത്തിനുള്ളിലെ ഈ പ്രത്യേക ചർച്ച നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ പ്രതീകമായാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.

