ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 26 വയസ്സുകാരന്റെ വയറിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ന്യൂഡൽഹി രാജൗരി ഗാർഡനിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് ഈ അപൂർവ സംഭവം നടന്നത്. വിശദ പരിശോധനകൾക്ക് ശേഷം ‘പെർസിസ്റ്റന്റ് മുലേറിയൻ ഡക്ട് സിൻഡ്രോം’ (Persistent Mullerian Duct Syndrome– PMDS) എന്ന അപൂർവ ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബീജത്തിൽ ബീജകോശങ്ങളുടെ അഭാവം (azoospermia), ഒപ്പം രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത അവസ്ഥ (undescended testes) എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിന് കൂടുതൽ പരിശോധനകൾ നടത്തിയത്. തുടർന്ന് നടത്തിയ എം.ആർ.ഐ സ്കാനിംഗിലും ജനിതക പരിശോധനയിലുമാണ് വയറിനുള്ളിൽ പൂർണ്ണ വളർച്ചയെത്താത്ത ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബിന് സമാനമായ ഘടനകളും സ്ഥിരീകരിച്ചത്.

