കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ‘കോർ റെൻ എക്സ്പോ 2026, എനർജി കോൺക്ലേവ്’ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പണ്ട് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിലേക്ക് ചുരുങ്ങിയിരുന്നെങ്കിൽ ഇന്നത് വായു, ജലം, വൈദ്യുതി എന്നിവയിലേക്ക് മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മഴയുടെ കുറവും കൽക്കരി ക്ഷാമവും ഉത്പാദനത്തെ ബാധിച്ചപ്പോൾ, കടുത്ത ചൂടു കാരണം സംസ്ഥാനത്ത് എയർകണ്ടീഷണറുകൾ, ഫാനുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചു. മുൻകാലങ്ങളിൽ രാത്രി 7 മണി മുതൽ 10 മണി വരെയായിരുന്ന പീക്ക് അവറുകൾ ഇപ്പോൾ രാത്രി 11 മണിക്ക് ശേഷവും തുടരുകയാണ്.
ആന്ധ്രാപ്രദേശ് അവരുടെ ആവശ്യത്തിന്റെ 86 ശതമാനം വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിന് ആവശ്യമായതിന്റെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. ബാക്കി മുഴുവൻ പുറത്തുനിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 4000 മെഗാവാട്ട് വൈദ്യുതി മതിയായിരുന്നിടത്ത് ഇപ്പോൾ സെപ്റ്റംബർ പകുതിയോടെ ആവശ്യകത 5200 മെഗാവാട്ടായി ഉയർന്നു. 1200 മെഗാവാട്ടിന്റെ അധിക വർധനവാണ് ഉണ്ടായിരിക്കുന്നത്.
യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കപ്പെട്ടത് തിരിച്ചടിയായി. വിപണിയിൽ 10 രൂപ നൽകിയാൽ പോലും വൈദ്യുതി കിട്ടാത്ത സ്ഥിതിയാണ്. കുറഞ്ഞ നിരക്കിലുള്ള ഈ കരാർ പുനഃസ്ഥാപിച്ചുകിട്ടാൻ കേസ് വേഗത്തിലാക്കാൻ അടിയന്തര ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ജലവൈദ്യുതി പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് പരിമിതികളുണ്ട്. അതിരപ്പിള്ളി പോലുള്ള പദ്ധതികൾക്ക് എതിർപ്പുകളുണ്ട്. കേരളത്തിൽ തെർമൽ പ്ലാന്റുകളുമില്ല. ഈ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ പോംവഴി സൗരോർജ്ജമാണ്. പകൽ സമയത്ത് സോളാർ ഊർജ്ജം സുലഭമായി ലഭിക്കുമെങ്കിലും രാത്രികാലങ്ങളിൽ ഉപയോഗിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി എറണാകുളം ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ സൗരോർജ്ജ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിക്കും. ഇതിനുള്ള സ്ഥലവും സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ കാസർകോട്, മലപ്പുറം ജില്ലകളിലും സമാനമായ പദ്ധതികൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

