റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ: ‘റാഹത്’ പദ്ധതിയുടെ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച ‘റാഹത്’ (പ്രൈംമിനിസ്‌റ്റേഴ്സ് റോഡ് ആക്സിഡൻ്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്മെൻ്റ്) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു.

അപകടത്തിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനും, സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം അപകടത്തിൽപ്പെടുന്ന ഒരാൾക്ക് പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കും.

ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പുറമെ ട്രോമ കെയർ സൗകര്യങ്ങളുള്ള കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ യോഗത്തിൽ തീരുമാനമായി. അപകടം നടന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന രീതിയിൽ പൂർണ്ണമായും ഓൺലൈൻ പോർട്ടലുകൾ വഴിയാണ് റാഹത് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റോഡ് സേഫ്‌റ്റി അതോറിട്ടിയാണ് നോഡൽ ഏജൻസി.

പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഇതുവരെയുള്ള പ്രവർത്തനം വിശദീകരിച്ചു. യോഗത്തിൽ സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം നിസ എ, പോലീസ്, റോഡ് സേഫ്റ്റി അതോറിട്ടി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *