മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. വന്യമൃഗങ്ങളെ നേരിടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും എ.ടി.വി (All-Terrain Vehicles) അടക്കമുള്ള ആധുനിക വാഹനങ്ങളും ലഭ്യമാക്കുമെന്ന് വാളയാർ വനപരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മലയോര മേഖലകളിലെ ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചും അവരുടെ സഹകരണത്തോടെയുമാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണേണ്ടത്. പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് വനംവകുപ്പിനുള്ളതെന്നും വാളയാർ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക നീക്കിവെക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ആറുമാസത്തെ ഫോറസ്ട്രി പരിശീലനവും മൂന്നു മാസത്തെ പോലീസ് അക്കാദമി പരിശീലനവും അടക്കം ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ 148 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് (55 പുരുഷന്മാരും 93 സ്ത്രീകളും) പരേഡിൽ അണിനിരന്നത്. കായികശേഷി വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ, യോഗ, പ്രഥമ ശുശ്രൂഷകൾ, വ്യക്തിത്വ വികസനം എന്നിവയിലും ഇവർ പരിശീലനം നേടിയിട്ടുണ്ട്. ചടങ്ങിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. എൽ. ചന്ദ്രശേഖർ അധ്യക്ഷനായി.

