പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് നിലപാട്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അടിയന്തരമായി പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. കേസിൽ സർക്കാർ തീരുമാനം വന്നശേഷം വിഷയം വിശദമായി ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കാനാണ് സിപിഐയുടെ തീരുമാനം.

പിണറായി വിജയനെ പിന്തുണച്ച് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുന്നത്. ഇതോടെ വിഷയത്തിൽ പിണറായി വിജയന് എൽഡിഎഫിന്റെ പൊതുപിന്തുണയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇഡി നടപടികളെ ദേശീയതലത്തിൽ സിപിഐ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സെക്രട്ടേറിയറ്റ് ചർച്ച നടത്തി. പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട ഇടപാടുകളുടെ സുതാര്യത സംബന്ധിച്ച അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നു. വീണയുമായി ബന്ധപ്പെട്ട കേസ് അവർ തന്നെ നേരിടട്ടെയെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചുവരുന്നത്.

പുതിയ ഇഡി നീക്കം പിണറായി വിജയനിലേക്കും നീളുന്നതായി വ്യക്തമായാലും അടിയന്തരമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷ അഭിപ്രായം. സർക്കാർ തീരുമാനം വന്നശേഷം ആവശ്യമെങ്കിൽ സിപിഐ നിലപാട് പരസ്യമായി വ്യക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *