മെൽബൺ: ഓസ്‌ട്രേലിയൻ വൻകരയുടെ അതിരുകൾ തങ്ങളുടെ ഇരുചക്രവാഹനങ്ങളിൽ അളന്നെടുക്കാൻ 7 മലയാളി ബൈക്കർമാരുടെ സംഘം യാത്ര തിരിച്ചു. ഓസ്‌ട്രേലിയയിലെ 6 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന 17,000-ൽ അധികം കിലോമീറ്റർ നീളുന്ന ‘ദ ഗ്രേറ്റ് ഓസ്‌ട്രേലിയൻ ബിഗ് ലാപ്’ (The Great Australian Big Lap) എന്ന അതിസാഹസിക റോഡ് ട്രിപ്പിനാണ് സംഘം തുടക്കമിട്ടത്.
സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 10:10-ന് മെൽബണിലെ സെന്റ് കിൽഡയിലുള്ള ഓർമണ്ട് ലുക്കൗട്ടിൽ (Ormond Lookout, St Kilda) നിന്നാണ് സാഹസിക സംഘം ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ആരംഭിച്ചത്. പ്രവാസലോകത്ത് മലയാളികൾ കൈവരിക്കുന്ന നേട്ടങ്ങൾക്കിടയിൽ, വേറിട്ട ഈ ബൈക്ക് യാത്ര ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് തന്നെ വലിയൊരു അഭിമാന നിമിഷമായി മാറുകയാണ്.
സാഹസികതയുടെ 7 ആഴ്ചകൾ; 17,000 കിലോമീറ്റർ
ഏകദേശം 42 മുതൽ 45 ദിവസങ്ങൾ (7 ആഴ്ചകൾ) കൊണ്ട് 17,000 കിലോമീറ്ററിലധികം ദൂരം പിന്നിടുന്നതാണ് ഈ ബൃഹത്തായ യാത്ര. മെൽബണിൽ നിന്ന് ആരംഭിച്ച യാത്ര അഡ്‌ലെയ്ഡ്, എസ്‌പെരൻസ്, പെർത്ത്, ഡാർവിൻ, കെയിൻസ്, സൺഷൈൻ കോസ്റ്റ്, ബ്രിസ്‌ബേൺ, സിഡ്‌നി തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെയും വൻകരയുടെ അതിരതിരുകളിലെ പ്രകൃതിഭംഗി നിറഞ്ഞ പ്രദേശങ്ങളിലൂടെയും കടന്നുപോകും.
വഴിയോരങ്ങളിൽ സ്വയം ടെന്റുകൾ അടിച്ച് താമസിച്ചും, ആഹാരം പാകം ചെയ്തും പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിനിന്നാണ് യാത്ര. ഓസ്‌ട്രേലിയയിലെ കഠിനമായ കാലാവസ്ഥയും, പ്രതികൂലമായ കാറ്റിന്റെ തരംഗങ്ങളും (Crosswinds) വിജനമായ കാട്ടുപാതകളും തരണം ചെയ്തുള്ള ഈ ദീർഘദൂര യാത്ര മലയാളികളുടെ പ്രവാസ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അധ്യായമായിരിക്കും.
യാത്രയിലെ ‘കേരള റൈഡേഴ്‌സ്’ സംഘാംഗങ്ങൾ:
- അബിൻ പോൾ (Abin Paul)
- ബിജോ ജോൺ (Bijo John)
- ജെറി ജോൺ (Jerry John)
- ജോസി മാത്യു (Jossy Mathew)
- ഷാജി ജേക്കബ് (Shaji Jacob)
- സോജൻ തോമസ് (Sojan Thomas)
- വിജയ് മണി (Vijay Mani)

